ആർക്കാണ് നിങ്ങളുടെ പിന്തുണ വേണ്ടത്?
ക്ലിഫോർഡ് വില്യംസ് ചെയ്യാത്ത കൊലപാതകത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. വധശിക്ഷ കാത്തിരിക്കുമ്പോൾ തന്നേ, തനിക്കെതിരായ തെളിവുകൾ പുനഃപരിശോധിക്കാൻ അദ്ദേഹം പല അപേക്ഷകളും സമർപ്പിച്ചെങ്കിലും ഓരോ അപേക്ഷയും നിരസിക്കപ്പെട്ടു - അങ്ങനെ നാൽപ്പത്തിരണ്ടു വർഷങ്ങൾ കടന്നുപോയി. അപ്പോഴാണ് അറ്റോർണി ഷെല്ലി തിബോഡെയോ അദ്ദേഹത്തിന്റെ കേസിനെക്കുറിച്ചറിഞ്ഞത്. വില്യംസിനെ ശിക്ഷിക്കാൻ തെളിവുകളൊന്നും ഇല്ലെന്നു മാത്രമല്ല, മറ്റൊരാൾ ആ കുറ്റം സമ്മതിച്ചിരുന്നതായും അവർ കണ്ടെത്തി. എഴുപത്തിയാറാമത്തെ വയസ്സിൽ വില്യംസിനെ കുറ്റവിമുക്തനാക്കി വിട്ടയച്ചു.
പ്രവാചകന്മാരായ യിരെമ്യാവും ഊരീയാവും വലിയ കുഴപ്പത്തിലായിരുന്നു. യെഹൂദാജനം മാനസാന്തരപ്പെടുന്നില്ലെങ്കിൽ അവരെ ശിക്ഷിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുവെന്ന് അവർ ജനത്തോടു പറഞ്ഞിരുന്നു (യിരെമ്യാവ് 26:12-13, 20). ഈ സന്ദേശം യെഹൂദയിലെ ജനങ്ങളെയും ഉദ്യോഗസ്ഥന്മാരെയും പ്രകോപിപ്പിച്ചു; അവർ ഈ രണ്ടു പ്രവാചകന്മാരെയും കൊല്ലുവാൻ ശ്രമിച്ചു. ഊരിയാവെ കൊല്ലുന്നതിൽ അവർ വിജയിച്ചു. അവൻ ഈജിപ്തിലേക്കു ഓടിപ്പോയെങ്കിലും അവർ അവനെ പിടിച്ച് രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. ''അവൻ അവനെ വാൾകൊണ്ടു കൊന്നു'' (വാ. 23). എന്തുകൊണ്ടാണ് അവർ യിരെമ്യാവിനെ കൊല്ലാതിരുന്നത്? അതിന്റെ ഒരു കാരണം, ''യിരെമ്യാവെ ജനത്തിന്റെ കൈയിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാം അവനു പിന്തുണയായിരുന്നു'' (വാ. 24).
മരണത്തെ അഭിമുഖീകരിക്കുന്ന ആരെയും നമുക്ക് അറിയില്ലായിരിക്കാം, എങ്കിലും നമ്മുടെ പിന്തുണ ആവശ്യമായിരിക്കുന്ന ഒരാളെ നമുക്കറിയാമായിരിക്കും. ആരുടെ അവകാശങ്ങളാണ് ചവിട്ടിമെതിക്കപ്പെടുന്നത്? ആരുടെ കഴിവുകളാണ് അവഗണിക്കപ്പെടുന്നത്? ആരുടെ ശബ്ദമാണ് കേൾക്കപ്പെടാതെ പോകുന്നത്? തിബോഡെയോയെപ്പോലെയോ അഹീക്കാമിനെപ്പോലെയോ ചുവടുവയ്ക്കുന്നത് ഒരുപക്ഷേ അപകടകരമായേക്കാം. എങ്കിലും അത് ശരിയായ കാര്യമാണ്. ദൈവം നമ്മെ നയിക്കുന്നതുപോലെ നാം ആർക്കുവേണ്ടിയാണ് നിലകൊള്ളേണ്ട ത്?